ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പള്ളിക്കല്‍, കരിപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. എ.ഡി.825-ല്‍ തന്നെ പള്ളിക്കല്‍ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോണ്‍വാലീസ് പ്രഖ്യാപനത്തേയും തുടര്‍ന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കല്‍, കരിപ്പൂര്‍ പ്രദേശങ്ങള്‍ വീണ്ടും 1802 മുതല്‍ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങള്‍ ചില കോവിലകക്കാര്‍, ഗൂരുവായൂര്‍ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പില്‍ നായര്‍, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങള്‍ എന്നീ ജന്മികള്ക്ക് ഏല്‍പിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടര്‍ന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന സര്‍പ്പക്കാവുകളും, ഭഗവതികാവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മാംസഭുക്കുകളായ വന്യജീവികള്‍ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളില്‍ വളര്‍ത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയതായ കഥകള്‍ പഴമക്കാര്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്നുണ്ട്. മലപ്പുറം ജില്ലയുടെ പേര് അന്വര്‍ത്ഥമാക്കുന്ന ഭൂരൂപം തന്നെയാണ് ഈ പഞ്ചായത്തിനുമുള്ളത്. പഞ്ചായത്തില്‍ എവിടേയും ഉയര്‍ന്നു നില്ക്കുന്ന കുന്നിന്‍നിരകളും അവയ്ക്കു ചുറ്റിലും പച്ചപിടിച്ച നെല്‍വയലുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ആദിദ്രാവിഡ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ആദിമനിവാസികളെന്നു പറയപ്പെടുന്നു. പെരിങ്ങാവിലെ കരിയാത്താന്‍കുന്ന് മുതല്‍ വാഴയൂരിലെ തമ്പുരാട്ടികുന്ന് വരെ ഒരു റോഡുണ്ടായിരുന്നതിന്റെ അവശിഷ്ടം ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിന്റെ തെളിവാണ്. 1921-ലെ മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാരന്റെ പീരങ്കിപ്പടയും, ടാങ്കുകളും ഫറോക്ക് വഴി പൂക്കോട്ടൂരിലേക്ക് കടന്നുപോയതും ഇവിടുത്തെ ഗ്രാമീണ പാതയിലൂടെയായിരുന്നു. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്ത്വമേല്‍ക്കോയ്മയുടേയും, ഫ്യൂഡല്‍ ഭൂപ്രഭു ഭരണത്തിന്റെയും കയ്പുനീര് കുടിച്ചതിന്റെ നൂറുനൂറു കഥകള്‍ ഇന്നാട്ടുകാര്‍ക്ക് പറയാനുണ്ട്. മലബാര്‍ പ്രദേശത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1921-ലെ മലബാര്‍കലാപം. മലബാര്‍സമര ചരിത്രത്തില്‍ പള്ളിക്കല്‍ ഗ്രാമത്തിന്റെ പങ്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം വര്‍ഗ്ഗീയ സംഘട്ടനത്തിന്റെ പേരില്‍ ഒരൊറ്റയാളും ഇവിടെ ഇരയായിട്ടില്ല എന്നതാണ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്തതിന് ദീര്‍ഘകാലം ജയില്‍വാസവും പീഡനങ്ങളുമേറ്റ നിരവധി മഹത്വ്യക്തികളുടെ നാടാണിത്. 1910-നും 12-നും ഇടയിലുള്ള കാലഘട്ടങ്ങളില്‍ ആരംഭിച്ചതും, 1918-22 കാലത്ത് ആരംഭിച്ചതുമായ ഓത്തുപള്ളികളും, 1918-ല്‍ ആരംഭിച്ച എഴുത്തുപള്ളിയുമാണ് ആദ്യകാലത്തെ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്നു നിരവധി വിദ്യാലയങ്ങളാല്‍ സമ്പന്നമാണ് പള്ളിക്കല്‍ പഞ്ചായത്ത്. 13 സര്‍ക്കാര്‍ സ്കൂളുകളും, 2 സര്‍ക്കാര്‍ കോളേജുകളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ, ഒരു സ്വകാര്യകോളേജും പഞ്ചായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോഴിക്കോട് സര്‍വ്വകലാശാല പഞ്ചായത്തിനു ഏറ്റവും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പള്ളിക്കല്‍ പഞ്ചായത്തിന്റെ കിഴക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത-17, കാലിക്കറ്റ് യൂണിവേഴ്സിറ്റി-കാലിക്കറ്റ് എയര്‍പോര്‍ട്ട് റോഡ്, കാക്കഞ്ചേരി-കോട്ടപ്പുറം റോഡ്, പള്ളിക്കല്‍-എയര്‍പോര്‍ട്ട് റോഡ്, കൊണ്ടോട്ടി-തിരൂരങ്ങാടി ഹൈവേ, പള്ളിക്കല്‍ ബസാര്‍-പുത്തൂര്‍ റോഡ്, പള്ളിക്കല്‍ ബസാര്‍-പെരിയമ്പലം റോഡ്, തറയിട്ടാല്‍-എയര്‍പോര്‍ട്ട് റോഡ് എന്നിവയാണ് പള്ളിക്കല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകള്‍.
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 9 ക്ഷേത്രങ്ങളും, 9 മസ്ജിദുകളും പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി നിലകൊള്ളുന്നു. പള്ളിക്കല്‍ ഭഗവതി, കാട്ടാച്ചിറ ഭഗവതി, പറമ്പത്ത്കാവ് ഭഗവതി എന്നിവര്‍ സഹോദരിമാരായിരുന്നു എന്നാണ് ഐതിഹ്യം. പള്ളിക്കല്‍ ഗണപതിക്ഷേത്രം, മണക്കാട് ശിവക്ഷേത്രം, തലക്കുത്ത് സുബ്രഹ്മണ്യക്ഷേത്രം, പള്ളിക്കല്‍ ജുമാമസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, പുന്നത്ത് ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങള്‍. പള്ളിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പട്ടുത്സവം, നാനൂറ് വര്‍ഷമായി തുടര്‍ന്നുവരുന്ന പള്ളിക്കല്‍ ഗണപതി ക്ഷേത്രത്തിലെ മണ്ഡലോത്സവം, കോഴിപ്പുറം നേര്‍ച്ച, തറയിട്ടാലിലെ കൊടിക്കല്‍ നേര്‍ച്ച, ആയിന്തൂര്‍ നേര്‍ച്ച, ചെട്ടിയാര്മാടിലെ നാഗൂര് ശൈഖിന്റെ പേരിലുള്ള നേര്‍ച്ച മുതലായവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ ജനങ്ങളും പ്രസ്തുത ആഘോഷങ്ങളില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ദഫ്മുട്ട്, കോല്‍കളി, പരിചമുട്ട് എന്നിവയാണ് പഞ്ചായത്തില്‍ പ്രചാരത്തിലുള്ള പാരമ്പര്യകലകള്‍. പകിടകളി, കാരകളി തുടങ്ങിയവ കൂടാതെ ഫുട്ബോള്‍ മത്സരങ്ങളും പഞ്ചായത്തില്‍ വ്യാപകമായി കണ്ടുവരുന്ന കളികളാണ്. പ്രസിദ്ധ ചരിത്രകാരന് കെ.കെ.ആലികുട്ടി ഈ ഗ്രാമത്തില്‍ ജനിച്ച വ്യക്തിയാണ്. പത്തൊന്‍പതോളം സാംസ്കാരിക സ്ഥാപനങ്ങള്‍ പള്ളിക്കല്‍ പഞ്ചായത്തിലെ കലാ സാംസ്കാരിക കായികരംഗങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാപോഷിണി, എവര്‍ ഷൈന്‍, യുവജന വായനശാല, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല, ദൃശ്യ വായനശാല എന്നിവ ഉള്‍പ്പെടെ 4 ഗ്രന്ഥശാലകളും, 3 വായനശാലകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.