ഒറ്റ നോട്ടത്തില്‍

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പള്ളിക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന് 25.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെടിയിരുപ്പ്, കൊണ്ടോട്ടി, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളുമാണ്. 1964-ലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പള്ളിക്കലും കരിപ്പൂരും ഉള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 1964 ജനുവരി 1-നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത്. പ്രഥമ പഞ്ചായത്തു പ്രസിഡന്റ് വി.പി.കുഞ്ഞഹമ്മദ് ആയിരുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതിചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിനെ ഉയര്‍ന്ന സമതലപ്രദേശങ്ങള്‍, ചെരിവുകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചരല്‍മണ്ണ്, പാറ, വെട്ടുകല്ല്, കരിങ്കല്ല്, എന്നിവയാണ് പഞ്ചായത്തില്‍ കാണപ്പെടുന്ന മണ്‍തരങ്ങള്‍. നെല്ല്, കമുക്, തെങ്ങ്, കുരുമുളക്, വാഴ, മരച്ചീനി, ഇഞ്ചി, കശുവണ്ടി, പച്ചക്കറികള്‍ എന്നിവയാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട അങ്ങാടികളാണ് പള്ളിക്കല്‍ ബസാര്‍, പാലിയംപറമ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കരിപ്പൂര്‍ എന്നീ സ്ഥലങ്ങള്‍. പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റാണ് പള്ളിക്കല്‍ ബസാര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയോട് വളരെ അടുത്തായാണ് പള്ളിക്കല്‍ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. നാനൂറ് വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന പ്രസിദ്ധമായ ക്ഷേത്രോത്സവമാണ് പള്ളിക്കല്‍ ഗണപതി ക്ഷേത്രത്തിലെ മണ്ഡലോത്സവം.